ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോണ്‍- ടെക്‌നിക്കല്‍ പോപ്പുലർ കാറ്റഗറീസ് അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിലെ വിവിധ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ട്രെയിനിലെ ക്ലർക്ക്, കൊമേഷ്യല്‍ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപിസ്റ്റ് എന്നീ തസ്‌തികകളിലായി ആകെ 1,688 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
പത്താം ക്ലാസ്, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് വിവിധ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. ഒക്‌ടോബർ 15 മുതല്‍ അപേക്ഷ സമർപ്പിക്കാം. നവംബർ 13 ആണ് അവസാന തീയതി. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപ മുതല്‍ 21,700 രൂപവരെ ശമ്പളം ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാകും നിയമനം.
പ്രായപരിധി
18നും 30നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. സംവരണ വിഭാഗത്തിലുള്ളവർക്ക് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള പ്രായപരിധിയിലെ ഇളവുകള്‍ ബാധകമായിരിക്കും.
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാർത്ഥികള്‍ക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 250 രൂപ നല്‍കിയാല്‍ മതിയാകും.
നടപടിക്രമം
രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷകള്‍ക്ക് ശേഷം സർട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുമ്പോള്‍തന്നെ ആധാർ വേരിഫിക്കേഷൻ നടത്തേണ്ടിവരും.
വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍
നിയമനവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആർആർബി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrb.indianrailways.gov.in -ല്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
SUMMARY: Job opportunities in the Railways; applications invited for 1,688 vacancies
















