തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് കെജിഎംഒഎ. എന്നാല്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാതെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി.
ആവശ്യത്തിന് ജീവനക്കാരില്ലാതെ ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ ത്രിതല പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്ന് സംഘടന ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചു. നൂറോളം ഡോക്ടർമാരുടെ സേവനമുള്ള മെഡിക്കല്‍ കോളേജ് വിഭാഗങ്ങളോട് മൂന്നോ നാലോ സ്പെഷ്യലിസ്റ്റുകള്‍ മാത്രമുള്ള ജില്ലാ-ജനറല്‍ ആശുപത്രികളെ താരതമ്യം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
രാത്രി മുഴുവൻ അടിയന്തര ഡ്യൂട്ടി നോക്കുന്ന സ്പെഷ്യലിസ്റ്റുകള്‍ പകല്‍ സമയത്തെ ഒ.പി, ഐ.പി, തിയേറ്റർ ജോലികള്‍ കൂടി നിർവഹിക്കേണ്ടി വരുന്നത് ഡോക്ടർമാരുടെ ആരോഗ്യത്തെയും രോഗികളുടെ സുരക്ഷയെയും അപകടത്തിലാക്കും. അതിനാല്‍ കേവലം ഓണ്‍-കോള്‍ സംവിധാനത്തിലൂടെയോ നിലവിലെ ജീവനക്കാരെ വച്ചോ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ല. നിലവില്‍ 800-ഓളം ഡോക്ടർമാരുടെ ഒഴിവുകളാണ് ആരോഗ്യവകുപ്പിലുള്ളത്.
ഇതിനുപുറമെ കാസറഗോഡ്, കണ്ണൂർ, പാലക്കാട് ജില്ലകളില്‍ മാത്രം നൂറിലേറെ ഡോക്ടർമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവ് മൂലം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അത്യാഹിത വിഭാഗങ്ങളില്‍ കൂടി ഡ്യൂട്ടി നോക്കേണ്ടിവരുന്നത് സ്പെഷ്യാലിറ്റി സേവനങ്ങളെ ബാധിക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം ഒഴിവുകള്‍ അടിയന്തരമായി നികത്താൻ നടപടിയുണ്ടാകണം.
SUMMARY: KGMOA welcomes the decision to make specialty services available round-the-clock
















