ന്യൂഡൽഹി: ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ടുകൾ. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരാൾ കഴിയുന്നതായാണ് പുറത്തുവരുന്ന വിവരം. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ്ങ് മേഖലയിലാണ് സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്ന വ്യക്തി താമസിക്കുന്നതെന്നാണ് റിപ്പോർട്ട്. രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന് ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തിൽനിന്നും മലയാളികളിൽനിന്നും അകലം പാലിച്ച് ഒറ്റപ്പെട്ടാണ് ഇയാൾ കഴിയുന്നത്. നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഇയാൾ നിരന്തരം ബന്ധപ്പെടുന്നതായും ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ അന്വേഷിച്ചുള്ള ചാറ്റ് വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഒരു സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് എത്തിയതെന്നാണ് വിവരം. സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ചിത്രങ്ങൾ ഉപയോഗിച്ച് എഐ സഹായത്തോടെ സാധ്യമായ രൂപങ്ങൾ തയാറാക്കിയാണ് അന്വേഷണം നടത്തിയത്. തുടക്കത്തിൽ കൗതുകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബർ വിദഗ്ധന്റെ അന്വേഷണം.
എന്നാൽ ബ്രൂണെയിൽ കഴിയുന്ന വ്യക്തി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം ശാസ്ത്രീയമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളാണ് സ്ഥിരീകരിക്കേണ്ടത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം. അതേസമയം ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.
പലകാലങ്ങളില്‍ പലയിടങ്ങളില്‍ സുകുമാരക്കുറുപ്പിനെ കണ്ടു എന്ന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നാലെ നടക്കുന്ന അന്വേഷണത്തില്‍ അത് സുകുമാരക്കുറുപ്പല്ല എന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ താമസിക്കുന്ന സ്ഥലവും ഫോട്ടോയും അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും ഈ വയോധികന് നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ‘തന്നെ ആരും കണ്ടെത്തില്ല’ എന്ന് പറയുന്നത് അടക്കമുള്ള സന്ദേശങ്ങള്‍ ഉണ്ടെന്നാണ് വിവരം.
1984ലാണ് ഇൻഷ്വറൻസ് തുകയ്ക്കായി ചാക്കോ എന്നയാളെ കൊലപ്പെടുത്തിയ ശേഷം ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് നാടുവിട്ടത്. പതിറ്റാണ്ടുകളായി പോലീസ് അന്വേഷിക്കുന്ന കേസിൽ ഇന്റർപോൾ ഉൾപ്പെടെയുള്ള ഏജൻസികളും അന്വേഷണം നടത്തിയിരുന്നു.
SUMMARY: Reports of Sukumarakurup’s look-alike found in Brunei
















