കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി നേപ്പാള്‍ പോലിസ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 6,541 പേരെ രക്ഷപ്പെടുത്തിയ സൈന്യം, കാണാതായ 4,858 പേർക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, വിദേശരാജ്യങ്ങളില്‍ നിന്നുള്ള 324 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാണാതായ സഞ്ചാരികളില്‍ പലരും തിരികെ ബന്ധപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് ടൂറിസം ബോർഡ് വ്യക്തമാക്കി. നേപ്പാളില്‍ നിന്നുള്ള വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒലിച്ചുപോയ അഞ്ച് നേപ്പാളി പൗരന്മാരുടെ മൃതദേഹങ്ങള്‍ ഉത്തർപ്രദേശിലെ കുശിനഗറില്‍നിന്ന് കണ്ടെത്തി നേപ്പാള്‍ പോലിസിന് കൈമാറി. അതിനിടെ, നേപ്പാളില്‍നിന്ന് ഉത്തർപ്രദേശ്, ബിഹാർ അതിർത്തികളിലേക്ക് ഒഴുകിയെത്തുന്ന നദികളില്‍നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ കഴിക്കരുതെന്ന് ബിഹാർ സർക്കാർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെള്ളത്തില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങള്‍ അഴുകിക്കിടക്കാൻ സാധ്യതയുള്ളതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിർദേശം.
SUMMARY: Flash floods in Nepal: Death toll reaches 1,127
















