തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐ സി ഡി എസ് മുഖാന്തിരം നല്കുന്ന അമൃതം ന്യൂട്രി മിക്സിന്റെ നിർമ്മാണത്തില്‍ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവില്‍ ശർക്കര ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുള്‍പ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നല്‍കണം.
ടേക്ക് ഹോം റേഷൻ ( ടി എച്ച് ആർ ) പദ്ധതിയില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗ്ഗരേഖ ഉണ്ടാക്കണം. കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രി മിക്സ് സംബന്ധിച്ച നിർദ്ദേശം വനിതാ ശിശു വികസന ഡയറക്ടർ വകുപ്പിലെ കീഴുദ്യോഗസ്ഥർക്ക് നല്‍കണം.
ഉല്‍പ്പന്നങ്ങളുടെ പാക്കേജ് ലേബലുകളില്‍ പോഷക വിവരങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ട അളവുകളും സംബന്ധിച്ച കാര്യങ്ങള്‍ അച്ചടിച്ച് രേഖപ്പെടുത്തണം. അമൃതം ന്യൂട്രീമിക്സ് ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങളുടെ ഉപയോഗം, അവ പാകം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരേണ്ട ആവശ്യകത എന്നിവ സംബന്ധിച്ച് അങ്കണവാടി വർക്കർമാർക്കും ഗുണഭോക്താക്കള്‍ക്കും നേരിട്ടും പോഷൻ ട്രാക്കർ / വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വകുപ്പ് ബോധവല്‍ക്കരണം നടത്തണം.
അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20 ശതമാനമാണെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്തുത പൊടി ആറുമാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ത്തന്നെ ജീവിതശൈലി രോഗങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹ് ല നല്കിയ ഹരജിയിലാണ് ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കറിന്റെ ഉത്തരവ്. അധിക അളവില്‍ പഞ്ചസാര ഉള്‍പ്പെടുന്നത് വഴി ദൂരവ്യാപക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടികളുടെ ഉത്തമ താല്പര്യത്തിനും പോഷകാഹാര അവകാശത്തിനും വിരുദ്ധമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
SUMMARY: Sugar in Amrutham Powder: Child Rights Commission terms it a threat to children’s health
















