ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 1961-ലെ അപ്രന്റിസ് ആക്ട് പ്രകാരമാണ് നിയമനം. ആകെ ഒഴിവുകളിൽ 163 എണ്ണം ഫ്രഷേഴ്സിനും 4,308 എണ്ണം എക്സ്-ഐ.ടി.ഐ ഉദ്യോഗാർഥികൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
കേരളത്തില്‍ പാലക്കാട് ഡിവിഷനിൽ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനിൽ 289 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിക്കാർക്കും ഐടിഐ കഴിഞ്ഞവർക്കും ഹയർ സെക്കൻഡറി പാസ്സായവർക്കുമെല്ലാം അനുയോജ്യമായ വ്യത്യസ്ത ട്രേഡുകൾ ഉണ്ട്. ഇതിനുള്ള വിജ്ഞാപനമനുസരിച്ച് സെപ്‌റ്റംബർ 27 വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകൾ
4308 ഒഴിവുകൾ എക്സ് ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷർ വിഭാഗത്തിലുമാണ്. മെഡിക്കൽ ലാബ് ടെക്നോളജിക്കും അവസരമുണ്ട്. പാലക്കാട് ഡിവിഷനിൽ പ്ലംബർ 20, കാർപന്റർ 25, വെൽഡർ 25, പെയിന്റർ 20, ഇലക്ട്രീഷ്യൻ 60, ഫിറ്റർ 70, മെക്കാനിക് 15, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം 20, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 20, ഇലക്ട്രിക് മെക്കാനിക് 20, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് 25, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 55, ഡ്രാഫ്‌റ്റ്സ്മാൻ സിവിൽ 35, സ്ട്രക്ചറൽ വെൽഡർ 26, ഗ്യാസ് കട്ടർ 26, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ് 26 എന്ന വിധത്തിലാണ് ഒഴിവുകളുള്ളത്.
എഴുത്തുപരീക്ഷയോ അഭിമുഖമോ നടത്താതെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ യോഗ്യത പരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് http://sr.indianrailways.gov.in/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.
SUMMARY: 4,471 Apprentice Vacancies. Opportunity for 10th-Pass Candidates to Secure a Job with Southern Railway
















