തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക 450 ലേറെ വിവാഹങ്ങള്‍. രാവിലെ നാല് മണി മുതല്‍ ഗുരുവായൂരില്‍ കല്യാണ മേളങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ രണ്ടര മണിക്കൂറിൽ 150 വിവാഹങ്ങൾ പൂർത്തിയായി. ഓരോ വിവാഹ സംഘങ്ങൾക്കും ടോക്കൺ ഏർപ്പെടുത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ വധുവിനും വരനുമൊപ്പം ഉള്ള ആളുകളുടെ എണ്ണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
വിവാഹത്തിനായി വധൂവരന്മാര്ക്ക് 10 മിനിറ്റ് വീതം സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉഷപൂജ, പന്തീരടി പൂജ സമയങ്ങളില്‍ മാത്രം ഇടവേളകളുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് വിവാഹ ചടങ്ങുകൾ. താലികെട്ട് ചടങ്ങിനായി ആറ് മണ്ഡപങ്ങൾ ഒരുക്കിയിരുന്നു. ചടങ്ങുകൾ സുഗമമായി നടക്കാൻ കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിരുന്നു. വിവാഹ ചടങ്ങുകൾ തടസമില്ലാതെ നടക്കാൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വൺവേ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ചിങ്ങ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് 400ലധികം വിവാഹങ്ങൾ ക്ഷേത്രത്തിൽ നടന്നിരുന്നു.















