ബെംഗളൂരു: പേരിന് മുന്നില്‍ ഡോക്ടര്‍മാര്‍ ‘Dr.’ എന്നും അഭിഭാഷകര്‍ ‘Adv.’ എന്നും ഉപയോഗിക്കുന്ന മാതൃകയിൽ, കർണാടകയിലെ എഞ്ചിനീയർമാർക്കും തങ്ങളുടെ പേരിനൊപ്പം ‘Er.’ (Engineer) എന്ന ഔദ്യോഗിക പദവി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് കർണാടക സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
ഭാരതരത്ന സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇനി മുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) കർണാടക ചാപ്റ്റർ സംഘടിപ്പിച്ച 59-ാമത് എഞ്ചിനീയേഴ്സ് ദിനാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
മാറുന്ന കാലഘട്ടത്തിലെ പ്രതിസന്ധികൾക്ക് മികച്ച സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തി സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന എഞ്ചിനീയർമാരെ ‘ഭാവിയുടെ ശിൽപികൾ’ എന്നാണ് സർക്കാർ ഉത്തരവിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മൈസൂർ രാജ്യത്തിന്റെ 19-ാമത് ദിവാനായിരുന്ന സർ എം. വിശ്വേശ്വരയ്യ നാടിന്റെ ആധുനിക നിർമിതിക്ക് നൽകിയ ചരിത്രപരമായ സംഭാവനകളെയും ചടങ്ങിൽ പ്രത്യേകം മുഖ്യമന്ത്രി അനുസ്മരിച്ചു. സർ എം. വിശ്വേശ്വരയ്യ രാജ്യത്തിനൊട്ടാകെ മാതൃകയാണെന്നും കർണാടകയുടെ ആധുനിക നിർമിതിയിൽ അദ്ദേഹത്തിന്റെ പങ്ക് സമാനതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക ദിനാചരണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ രാജ്യത്ത് ആദ്യമായി എഞ്ചിനീയർമാർക്ക് ‘Er’ എന്ന വിശേഷണം ചേർക്കാൻ അനുമതി നൽകുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറി. നേരത്തെ, അധ്യാപകർക്ക് ‘Tr’ എന്ന വിശേഷണം ചേർക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
SUMMARY: Engineers in Karnataka can now add ‘Er.’ before their names.
















