ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍ പ്രതിയായ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ വിചാരണക്കോടതിയാണ് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
പ്രതിയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സമരത്തിനിടെ പരാതിക്കാരനായ വിദ്യാർഥിനിയുടെ പിതാവാണ് ഭരദ്വാജിനെ ആദ്യം ആക്രമിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പരാതിക്കാരൻ ആദ്യം മർദിക്കുന്നതിന്റെ വീഡിയോ തെളിവുകളുണ്ടെന്നും എസ്സി/എസ്റ്റി (SC/ST) നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
മുമ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ച പ്രതിയെ, പിന്നീട് വിഷയം രാഷ്ട്രീയ വിവാദമായപ്പോഴാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാല്‍, ജാമ്യാപേക്ഷയെ പരാതിക്കാരന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു.
പ്രതി പരാതിക്കാരന് നേരെ ജാതീയ അധിക്ഷേപം നടത്തിയെന്നും അതിക്രമം നടത്തിയതായി ഒരു വീഡിയോ അഭിമുഖത്തില്‍ സ്വയം സമ്മതിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ആദ്യത്തെ പരാതിയില്‍ ജാതീയ അധിക്ഷേപത്തെക്കുറിച്ച് പരാമർശമില്ലായിരുന്നെന്നും പിന്നീട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേർത്തതെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്തമാക്കി.
SUMMARY: Attack during CJP protest: Interim bail for Swatantra Bharadwaj, a member of a hardline Hindu organization
















