ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭാരതി ദാമോണ്‍ (50) ശാരദ ദാമോണ്‍ (45), മക്കളായ ഗംഗ ദാമോണ്‍ (25), പ്രിയ ദാമോണ്‍ (24) എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ ദാമോണ്‍ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വോൾട്ടേജ് വ്യതിയാനത്തെ തുടർന്നാണ് സ്ഫോടനം എന്നാണു നിഗമനം. വീടിനു ചുറ്റും തീ പടർന്നതോടെ ഉള്ളിൽ കുടുങ്ങിയവർക്കു പുറത്തേക്ക് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. സ്ഫോടനത്തിൽ വീട് തകർന്നു, വിലപിടിപ്പുള്ള വസ്തുക്കളിൽ ഭൂരിഭാഗവും കത്തിനശിച്ചു.
സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
















