കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയ്ക്കുമെതിരെ നല്‍കിയ മൊഴി നിഷേധിച്ച് സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത. ഇ ഡി ഉദ്യോഗസ്ഥര്‍ മൊഴി പകര്‍പ്പില്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരന്‍ കര്‍ത്ത പറഞ്ഞു. കേസില്‍ ആശുപത്രി കിടക്കയില്‍ വെച്ചാണ് തന്നെ ചോദ്യം ചെയ്തത്. സി എം ആര്‍ എല്‍ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശശിധരന്‍ കര്‍ത്ത പറയുന്നു.
കിടപ്പുരോഗിയായ ശശിധരന്‍ കര്‍ത്തയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഇഡി ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ച രീതിയില്‍ മൊഴിയില്‍ നിര്‍ബന്ധിച്ച് വിരലടയാളം വാങ്ങുകയായിരുന്നു എന്നാണ് വിവരം. ഇതോടെ കേസിലെ ഇഡിയുടെ കണ്ടെത്തലുകള്‍ കോടതിയില്‍ ദുര്‍ബലപ്പെടാനാണ് സാധ്യത.
2024ല്‍ സഹോദരന്‍ വഴി ശശിധരന്‍ കര്‍ത്ത സമര്‍പ്പിച്ച മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം പുറത്തുവന്നിട്ടുണ്ട്. ടി വീണയ്ക്ക് സേവനമില്ലാതെ പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇ ഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം. 2024 ഏപ്രിലില്‍ ഇ ഡി എടുത്ത മൊഴി പിന്‍വലിക്കണമെന്നാണ് ശശിധരന്‍ കര്‍ത്ത ആവശ്യപ്പെടുന്നത്. ആശുപത്രിയില്‍കഴിയവെ തന്നെ ഇ ഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരന്‍ കര്‍ത്ത ആരോപിക്കുന്നു. ഇ ഡി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.
നേരത്തെ സി എം ആര്‍ എല്‍ മുന്‍ സി എഫ് ഒ സുരേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് എന്നിവരും മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇഡി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ വിചാരണ സമയത്ത് മാത്രമേ മൊഴിയില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. മൊഴി പിന്‍വലിക്കണമെന്ന ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന നിലപാടിലാണ് ഇ ഡി.
SUMMARY: CMRL-Exalogic case; ED forcibly placed fingerprints, says Sasidharan Kartha