ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രജിസ്ട്രേഷനുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കർശനമാക്കുന്നതാണ് ഈ നിയമം. 2023 ല്‍ പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയ ജനന – മരണ രജിസ്ട്രേഷൻ ഭേദഗതി ബില്‍ കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി മാറി.
സ്കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയില്‍ പേരു ചേർക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും പ്രായവും ജനന സ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. പുതിയ നിയമപ്രകാരം ജനന – മരണ സർട്ടിഫിക്കറ്റുകള്‍ പൂർണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറും. ജനനം രജിസ്റ്റർ ചെയ്യുമ്പോള്‍ തന്നെ ആധാറുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ചട്ടങ്ങള്‍.
പുതിയ നിയമപ്രകാരം ജനനത്തിനോ മരണത്തിനോ ശേഷം 21 ദിവസത്തിനകം ഫീസില്ലാതെ രജിസ്റ്റർ ചെയ്യാം. 21-30 ദിവസത്തിനുള്ളിലാണെങ്കില്‍ രജിസ്ട്രാർക്ക് നേരിട്ട് നിശ്ചിത തുക അടച്ച് രജിസ്റ്റർ ചെയ്യാം. 30 ദിവസം മുതല്‍ ഒരു വർഷത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കില്‍ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദേശിച്ച അധികാരിയുടെയോ അനുമതിയും പിഴയും അടയ്ക്കേണ്ടി വരും. അതും കഴിഞ്ഞ് 2 വർഷത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കില്‍ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് നിർബന്ധമായിരിക്കും.
SUMMARY: Strict action for delayed birth and death registration; new legal amendment effective October 1
















