ബെംഗളൂരു: പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയിൽ 24കാരൻ അറസ്റ്റിൽ. ബീദർ യെനക്കൂർ ഗ്രാമത്തിലെ ബി.ബി.എ വിദ്യാർഥിയായ വിശാൽ കുമാർ മെത്രെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 2ന് പുലർച്ചെ നടന്ന രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ഖാതക് ചിഞ്ചോളി പോലിസ് കൈമാറി.
വിശാലിന്റെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ഭീകരൻ ഷെഹ്സാദ് ഭട്ടി, സഹായികളായ റാണ ഹുനൈൻ, നോമി ഖാൻ എന്നിവരുമായി നടത്തിയ ചാറ്റുകൾ പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
റാണ ഹുനൈൻ അയച്ചുകൊടുത്ത ‘റഹേ ഹഖ്’, ‘റാണ ഭായ് 333’ എന്നീ വാട്സ്ആപ് ചാനലുകളിൽ ഇയാൾ അംഗമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന തരത്തിലുള്ള രാജ്യവിരുദ്ധ ദൃശ്യങ്ങളും പോസ്റ്റുകളും ഇയാൾ നിരന്തരം കണ്ടിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അഷു ശർമ്മ, രാജ് ഭായ് എന്ന ലക്കി സിങ് എന്നിവരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. 2025 ഡിസംബർ മുതൽ വിശാൽ പോലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.
അതേസമയം, പോലീസിന്റെ ആരോപണങ്ങൾ വിശാലിന്റെ കുടുംബം നിഷേധിച്ചു. കുടുംബസ്വത്ത് തർക്കത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിശാൽ ബെംഗളൂരുവിൽ ജോലി ചെയ്തുകൊണ്ട് പഠിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. വീടു പരിശോധിച്ച പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതായും ബന്ധുക്കൾ ആരോപിച്ചു.
കുടുംബസ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം പിതാവായ വിജയകുമാറിനെതിരെ ആക്രമണം നടത്താൻ വിശാൽ പദ്ധതിയിട്ടിരുന്നതായും പോലീസ് ആരോപിക്കുന്നുണ്ട്. പിതാവ് മാതാവ് മഹാദേവിയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിച്ചതും കുടുംബസ്വത്തിലും കൃഷിയിടത്തിലും വിഹിതം ലഭിക്കാത്തതുമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഈ ആരോപണങ്ങളും കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.
യു.എ.പി.എയിലെ 18, 20, 39 വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ 61(2), 3(5) വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശാലിന് യഥാർഥത്തിൽ ഏതുതരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നുവെന്നും ആയുധക്കടത്ത് സംബന്ധിച്ച ആരോപണങ്ങളിൽ ഇയാളുടെ പങ്കെന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലും അന്വേഷണത്തിലുമാണ്.
SUMMARY: 24-year-old arrested in Karnataka over alleged links to Pakistani terrorists.















