ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്. 94-ാം വയസ്സിൽ ‘ സിംഗീതം’ എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്. ചലച്ചിത്രലോകത്തുനിന്നും പ്രേക്ഷകരിൽനിന്നും വലിയ അഭിനന്ദനം ‘സിംഗീതം’ നേടിയിരുന്നു.
വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ ശൈലിക്ക് പേരുകേട്ട സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. സംഭാഷണങ്ങളില്ലാതെ കഥ പറഞ്ഞ ‘പുഷ്പകവിമാനം’, കമൽഹാസൻ നായകനായ ‘അപൂർവ സഹോദരങ്ങൾ’, ‘മൈക്കിൾ മദന കാമരാജൻ’, ‘മകളീർ മട്ടും’, ‘മുംബൈ എക്‌സ്പ്രസ്’ തുടങ്ങി നിരവധി പ്രശസ്ത സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’, ഫാന്റസി-ഫോക്ലോർ വിഭാഗത്തിലെ ‘ഭൈരവ ദ്വീപം’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പരീക്ഷണാത്മകമായ ആഖ്യാനരീതിക്ക് തെളിവാണ്.ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായി വിലയിരുത്തപ്പെട്ട അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കാലാതീതമായ ക്ലാസിക്കുകളാണ്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, ഫിലിംഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
SUMMARY: Renowned director Singeetham Srinivasa Rao has passed away.
















