കൊച്ചി: പാല്‍ക്കുപ്പി വിതരണ കരാറുമായി ബന്ധപ്പെട്ട് മില്‍മയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോയ മില്‍മയുടെ നടപടിക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. കേസില്‍ അന്തിമ വിധി വരുന്നതുവരെ ആർക്കും കരാർ നല്‍കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. കരാർ നിഷേധിക്കപ്പെട്ട ക്ലിയർപെറ്റ് കമ്പനി നല്‍കിയ ഹർജിയിലാണ് കോടതി ഇടപെടല്‍.
ജവാൻ മദ്യത്തിനും മില്‍മയുടെ മലബാർ, എറണാകുളം യൂണിറ്റുകള്‍ക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്. പാല്‍ക്കുപ്പി വിതരണത്തിനായി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടും ക്ലിയർപെറ്റിനെ ഒഴിവാക്കി, ഉയർന്ന നിരക്കില്‍ കുപ്പി വിതരണം ചെയ്യുന്ന തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്ക് മില്‍മ കരാർ നീട്ടിനല്‍കിയെന്നാണ് ആരോപണം. മൂന്ന് മാസത്തോളം കരാർ നീട്ടിനല്‍കിയതായും റിപ്പോർട്ടുകളുണ്ട്. ക്ലിയർപെറ്റ് കമ്പനിക്ക് പൂർണമായും സപ്ലൈ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം.
എന്നാല്‍ കഴിഞ്ഞ ഏഴ് വർഷമായി എറണാകുളം യൂണിറ്റുകള്‍ക്കായി വിവിധതരം ജാറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റെന്നും, യൂണിറ്റുകള്‍ നല്‍കിയ സാക്ഷ്യപത്രം മില്‍മയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം, ടെൻഡർ റദ്ദാക്കിയ നോട്ടീസില്‍ ഉത്പാദനക്ഷമത സംബന്ധിച്ച കാര്യം പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
SUMMARY: High Court setback for Milma regarding milk bottle contract; second tender proceedings stayed
















