ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഓൺലൈൻ അപകീർത്തിപ്പെടുത്തൽ, ഭീഷണി, പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ നിരീക്ഷണം.
തനുഷ എം. ഷെട്ടി എന്ന വ്യക്തിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. ഷെട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തും വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചും മതപരമായ വ്യക്തിത്വത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സൗജന്യമായ മതപരിവർത്തനം തുടങ്ങിയ ഗുരുതര ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നു.
ശുഭ എന്ന യുവതിക്കും മോഹൻ എന്ന മറ്റൊരാൾക്കുമെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. തങ്ങൾക്കെതിരായ ക്രിമിനൽ നടപടികൾ രാഷ്ട്രീയവും വ്യക്തിപരവുമായ പ്രതികാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ പരാതിയിലെ ആരോപണങ്ങൾ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ കേസുകൾ റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു.
SUMMARY: Having a social media account does not grant the freedom to publish anything, the Karnataka High Court has stated.















