ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷം മുതൽ സൗജന്യ നോട്ട്ബുക്കുകൾ വിതരണം ചെയ്യുമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. റായ്ചൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ പഠനച്ചെലവ് കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
The State government is committed to strengthening government schools, developing infrastructure and imparting quality education, Minister for School Education and Literacy Madhu Bangarappa said, adding that it has decided to distribute free notebooks to all students from LKG to class 12 starting from the next academic year.
https://t.co/LNNAa1LFo4
— The Hindu (@the_hindu) November 20, 2026
നിലവിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. ഇതിന് പുറമേ നോട്ട്ബുക്കുകളും സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങളിലെ കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കും.
സർക്കാർ സ്കൂളുകളിൽ കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മാധ്യമത്തിലും പഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ഇംഗ്ലീഷ് മാധ്യമം നിർബന്ധമാക്കില്ലെന്നും രക്ഷിതാക്കൾക്ക് ഇഷ്ടമുള്ള പഠനമാധ്യമം തിരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കന്നഡ പഠനം നിർബന്ധമായി തുടരും. സംസ്ഥാനത്തെ 18 മുതൽ 19 വരെ ജില്ലകളിൽ ദ്വിഭാഷാ വിദ്യാഭ്യാസ സംവിധാനം ഇതിനകം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
1,300-ലധികം കർണാടക പബ്ലിക് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അടുത്ത ജൂൺ മുതൽ ഈ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ബസ് സൗകര്യവും ഒരുക്കും. കൂടാതെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി 17,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും പഠനസൗകര്യങ്ങൾ വർധിപ്പിച്ചും കൂടുതൽ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
SUMMARY: Free notebooks from LKG to Class 12 in government schools in Karnataka for the next academic year.















