ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായെന്നാണ് വിവരം. പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായും 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതായും റിപ്പോർട്ടില്‍ പറയുന്നു.
ഗതാഗത നിയന്ത്രണങ്ങളും വിമാന ടിക്കറ്റുകളുടെ ആവശ്യകത വർധിച്ചതുമാണ് നിരക്ക് ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച വാരാണസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 14,000 രൂപ വരെയും അമൃത്സറില്‍നിന്നുള്ള നിരക്ക് 8,000 രൂപ വരെയും ഉയർന്നു. ലുധിയാനയില്‍നിന്നുള്ള ടിക്കറ്റ് നിരക്ക് 12,987 രൂപ വരെ എത്തിയെങ്കിലും വൈകിട്ടോടെ 4,301 രൂപയായി കുറഞ്ഞു.
പ്രക്ഷോഭം തുടരുകയാണെങ്കില്‍ വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തിങ്കളാഴ്ച നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ പ്രക്ഷോഭവും ഗതാഗത നിയന്ത്രണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
SUMMARY: CJP Protest: Airfare to Delhi Doubles
















