തിരുവനന്തപുരം: ബിജെപിയില്‍നിന്ന് രാജിവെച്ചെന്ന വാർത്തകള്‍ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരുമെന്ന് ശ്രീലേഖ വ്യക്തമാക്കി. ആരോഗ്യസ്ഥിതി പൂർണമായി മെച്ചപ്പെടാത്തതിനാലാണ് ഇതുവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയാതിരുന്നതെന്നും തിങ്കളാഴ്ച മുതല്‍ വീണ്ടും പൊതുസേവനത്തില്‍ സജീവമാകുമെന്നും അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
താൻ പാർട്ടി വിട്ടെന്ന തരത്തില്‍ പ്രചരിച്ച വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ വ്യക്തമാക്കി. ആശുപത്രിയിലായിരുന്നതിനാല്‍ തനിക്കെതിരെ പ്രചരിച്ച വാർത്തകളൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാല്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിനാലാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയില്‍ അംഗത്വമെടുത്ത കാലം മുതല്‍ മാധ്യമങ്ങളില്‍നിന്ന് വിമർശനങ്ങള്‍ നേരിടുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇത് വർധിച്ചെന്നും അവർ ആരോപിച്ചു.
ബിജെപിയില്‍നിന്ന് രാജിവെച്ചെന്നോ മറ്റൊരു പാർട്ടിയില്‍ ചേർന്നെന്നോ ഉള്ള വാർത്തകള്‍ ശരിയല്ലെന്നും വ്യക്തമാക്കി. ബിജെപിയുടെ അഭിമാനമുള്ള അംഗമായി മരണംവരെ തുടരുമെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയെ നല്ല ആദർശങ്ങളുള്ളതും രാഷ്ട്രസേവനത്തിനായി പ്രവർത്തിക്കുന്നതുമായ വലിയ പാർട്ടിയായാണ് താൻ കാണുന്നതെന്നും അതില്‍ അംഗമായിരിക്കുന്നത് അഭിമാനകരമാണെന്നും അവർ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.
പാർട്ടി അംഗത്വമെടുത്ത് രണ്ട് വർഷം മാത്രമായെങ്കിലും സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറായും പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. കടുത്ത ജോലിസമ്മർദം കാരണം ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും ഞായറാഴ്ചകളില്‍ പോലും വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടിവന്നിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. വാർഡിലെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 30ന് മേയർക്ക് കത്തയച്ചിരുന്നു.
ഇതിന്റെ പകർപ്പ് ജില്ലാ കലക്ടർക്കും നല്‍കിയിരുന്നു. മേയറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും കലക്ടർക്ക് ഇടപെടാൻ കഴിയുന്നതുമായ നിരവധി വിഷയങ്ങള്‍ കത്തിലൂടെ ഉന്നയിച്ചിരുന്നുവെന്നും അവ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കൗണ്‍സിലറായി തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും രാജിവെക്കാൻ തയ്യാറാണെന്നും അറിയിച്ചിരുന്നതായും അവർ വ്യക്തമാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് രണ്ട് മാസത്തെ അവധിയെടുക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നുവെന്നും എന്നാല്‍ അത് കൗണ്‍സിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പാർട്ടി പ്രവർത്തകയായി മാത്രം തുടരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
എന്നാല്‍, രാജിവെക്കാനുള്ള തീരുമാനത്തില്‍നിന്ന് പാർട്ടിയുടെ ഉന്നത നേതാക്കള്‍ തന്നെ പിന്തിരിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. നിലവില്‍ ബിജെപിയില്‍ തുടരാനാണ് തീരുമാനമെന്നും തിങ്കളാഴ്ച മുതല്‍ പൊതുസേവനരംഗത്ത് വീണ്ടും സജീവമാകുമെന്നും ശ്രീലേഖ അറിയിച്ചു.
SUMMARY: The claim that I will join the Congress is absurd; I will remain a BJP worker until my death, says R. Sreelekha
















