കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിത്തെറുപ്പുകാരനായി ജീവിതമാരംഭിച്ച സഹദേവൻ, കെ.പി. ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാല്‍ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങിയത്.
സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം 20 മാസം ജയിലില്‍ കഴിഞ്ഞു. വിവിധ കാലയളവുകളിലായി രണ്ടുവർഷത്തോളം വീണ്ടും തടവിലായി.
1955-56 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ല്‍ സിപിഎം രൂപീകരിച്ചതു മുതല്‍ 1978 വരെ കണ്ണൂർ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. 1978ല്‍ ജില്ലാ കമ്മിറ്റി അംഗമായും 1986ല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ല്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂർ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്നു.
SUMMARY: Former CPI(M) State Committee member K.P. Sahadevan has passed away
















