ബെംഗളൂരു: ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊലപ്പടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മൈസൂരു ഹുൻസൂരിലാണ് സംഭവം. വിനോബ കോളനിയിൽ താമസിക്കുന്ന രാമ പ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ പവിത്ര (30), കാമുകൻ സുനിൽ (30) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 16ന് ആണ് സംഭവം നടന്നത്.
രാത്രി ഭർത്താവിന് ഭക്ഷണം നൽകിയെന്നും പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അദ്ദേഹത്തെ അബോധാവസ്ഥയിൽ കാണുകയായിരുന്നുവെന്നും പവിത്ര പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ രാമ പ്രസാദിന്റെ സഹോദരൻ ചന്ദ്രഹാസ് മരണത്തിൽ സമഗ്രമായ ആവശ്യപ്പെട്ട് പോലീസിൽ നല്കിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പവിത്രയും സുനിലും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലായി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ശരീരത്തിൽ വിഷത്തിന്റെ സാന്നിധ്യത്തിന്റെ സൂചനയും ലഭിച്ചു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പവിത്ര കുറ്റം സമ്മതിച്ചു. പ്രഭാതഭക്ഷണം തയ്യാറാക്കി ഭർത്താവിന് വിഷക്കായ പൊടി കലർത്തിയുണ്ടാക്കിയ ഇഡ്ഡലി നൽകിയതായും അവശനിലയിലായപ്പോൾ പിന്നീട് രാത്രി പവിത്ര സുനിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സുനിലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസിനോട് വെളിപ്പെടുത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
SUMMARY: Wife and her lover arrested for killing husband by lacing idlis with poison.
















