തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണനാണ് (70) കൊല്ലപ്പെട്ടത്. ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച മകൻ വിനോദിനെ (37) തൃശൂർ നഗരത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 21-ന് ഞെള്ളുരിലെ സ്വന്തം വീട്ടിൽവച്ച് ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണതിനെ ത്തുടർന്ന് പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗോപാലകൃഷ്‌ണൻ 23നാണ് മരിച്ചത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. വിനോദ് നിരന്തരം ഉപദ്രവിച്ചു വന്നിരുന്നതായി അറിഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളിച്ചതാണെന്ന് കണ്ടെത്തിയത്. വിനോദ് മാള പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണശ്രമക്കേസിൽ പ്രതിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പുതുക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ എ ഫക്രുദ്ദീൻ, എസ്ഐമാരായ ആർ രാജേഷ്, പി വി പാട്രിക്, എസ് സിപിഒമാരായ പി കെ ദീപക്, സി ആർ ബിനോയ്, കെ ആർ, സജീവ്, പി എ അരുൺ, സിപിഒ കെ പി ജിന്റോ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
SUMMARY: Son arrested in Thrissur for killing elderly man by pouring hot rice gruel water over his body.
















