തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം. മൺവിള പോട്ടൂർ സ്വദേശി സുജിത് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇരുനിലവീട്ടിലാണ് സുജിത് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലാണ് സുജിത്തും ഭാര്യയും മകളും താമസിച്ചത്. സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളിയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് വരാൻ ഒരു വഴി മാത്രം മാത്രമേയുള്ളൂ. അതിനാൽ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു. രക്ഷപ്പെടാൻ സുജിത് ബാത്റൂമിൽ കയറി കതകടച്ചെന്നും അതിൽ കുടുങ്ങിപ്പോയെന്നുമാണ് ലഭിക്കുന്ന വിവരം. വിവരം അറിഞ്ഞ് കഴക്കൂട്ടം അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയതും സുജിത്തിനെ ആശുപത്രിയിലെത്തിച്ചതും. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Fire spreads from a matchstick while lighting a cigarette; young man meets a tragic end.
















