ബെംഗളൂരു: ട്രെയിനിലെ ടോയ്ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. ബെംഗളൂരുവിൽനിന്ന് ശിവമൊഗ്ഗയിലേക്ക് 24 അംഗ കുടുംബവുമായി യാത്ര ചെയ്തയാൾ നൽകിയ പരാതിയിലാണ് നടപടി.
യാത്രയ്ക്കിടെ ട്രെയിനിലെ ശൗചാലയങ്ങളിൽ വെള്ളമില്ലാത്തതിനാൽ കുടുംബാംഗങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷൻ മാസ്റ്ററുടെ സഹായം തേടിയെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് കുടുംബത്തോടൊപ്പം തുമക്കൂരുവിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ യാത്ര തുടരേണ്ടിവന്നതായും അതിനായി അധികമായി 1,760 രൂപ ചെലവഴിക്കേണ്ടിവന്നതായും പരാതിയിൽ പറയുന്നു.
പരാതി പരിഗണിച്ച ശിവമൊഗ്ഗ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ റെയിൽവേ സേവനത്തിലെ വീഴ്ച അംഗീകരിച്ചാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. 15,000 രൂപ നഷ്ടപരിഹാരത്തിന് പുറമേ നിയമനടപടികൾക്കായി ചെലവായ തുകയും നൽകണം. ആദ്യ ടിക്കറ്റ് തുകയായ 1,000 വർഷം ആറ് ശതമാനം പലിശയോടെ തിരികെ നൽകാനും ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന പരാതിക്കാരന്റെ വാദം കേസിൽ പ്രധാനമായി. ശൗചാലയങ്ങളിൽ വെള്ളമില്ലാത്തത് യാത്രക്കാരുടെ ആരോഗ്യത്തെയും ശുചിത്വത്തെയും ബാധിക്കാവുന്ന സാഹചര്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
SUMMARY:” No water in train toilet: Consumer Commission orders Railways to pay Rs 15,000 as compensation
















