ബെംഗളൂരു: കർണാടകയിലെ ഗോകർണയിലുള്ള ദുബ്ബൻസഷി കടല്‍ത്തീരത്ത് തിരമാലകളില്‍പ്പെട്ട് മൂന്നുപേർ മരിച്ചു. ബെംഗളൂരുവിലെ ബെല്ലന്തൂരിലുള്ള അലോറിയ ഇക്കോസ്പേസ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. ഞായറാഴ്ച തിരയില്‍പ്പെട്ട് കാണാതായ വിശ്വേഷ് (24) എന്ന യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കടലില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയായി കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ശോഭ ദാസ് (22), സംഘത്തിന്റെ ടീം ലീഡറായ മുഹമ്മദ് അക്രം എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
അലോറിയ ഇക്കോസ്പേസ് കമ്പനിയിലെ 16 ജീവനക്കാരാണ് വിനോദയാത്രയ്ക്കായി ഗോകർണയിൽ എത്തിയത്. ശനിയാഴ്ച വൈകുന്നേരം എത്തിയ സംഘം ബീച്ചിന് സമീപമുള്ള റിസോർട്ടിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 7.30-ഓടെ സംഘത്തിലെ അഞ്ചുപേർ കടലിൽ കുളിക്കാനായി ഇറങ്ങി. ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും ഉടൻ രക്ഷാപ്രവർത്തനം നടത്തി.
നാലുപേരെ കരയിലേക്ക് എത്തിച്ചെങ്കിലും വിശ്വേഷ് (24) കൂടുതൽ ദൂരത്തേക്ക് ഒഴുകിപ്പോയി. ജാർഖണ്ഡ് സ്വദേശി ശോഭ ഗോകർണ പ്രൈമറി ഹെൽത്ത് സെന്ററിലും മുഹമ്മദ് അക്രം മുരുഡേശ്വറിന് സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്. രക്ഷപ്പെട്ട ഡി.വി നിഷാന്ത്, മുഹമ്മദ് ഖാസിം എന്നിവർ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു.
പ്രധാന ബീച്ചുകളിലെല്ലാം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സഞ്ചാരികളും ഇത് അവഗണിച്ച് കടലിൽ ഇറങ്ങുന്നുണ്ടെന്ന് ഉത്തര കന്നഡ എസ്.പി എം. എൻ ദീപൻ വ്യക്തമാക്കി. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരുന്നു.
SUMMARY: Three people drowned after getting caught in the waves at Gokarna Beach
















