ലോസാഞ്ചലസ്: ലോസാഞ്ചലസ് മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആയിരുന്നു ഇവർ. നിലവിലെ മേയർ കാരെൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ ലോസാഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയായി മാറിയത്. നഗരത്തിന്റെ പരമോന്നത ഭരണപദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് ഇവർ. കാരെൻ ബാസിനെക്കാൾ 26,124 വോട്ടുകൾ നേടിയാണ് അട്ടിമറി ജയം. നിത്യയുടെ അമ്മയുടെ നാട് തൃശൂരാണ്. പിതാവ് തിരുവനന്തപുരം സ്വദേശിയുമാണ്.
51.1ശതമാനം വോട്ടുകൾ നേടിയാണ് നിത്യ വിജയിച്ചത്. മുതിര്ന്ന നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായി അറിയപ്പെടുന്ന എതിരാളി കാരേൻ ബാസിന് 48.33ശതമാനം വോട്ടുകളാണ് ലഭിച്ചത്. 3.4 ശതമാനം വോട്ടുകൾ അധികം നേടി.
നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾ, ഉയർന്ന ജീവിതച്ചെലവ്, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവ മുൻനിർത്തി നടത്തിയ പ്രചാരണമാണ് നിത്യയ്ക്ക് യുവ വോട്ടർമാർക്കിടയിൽ മികച്ച മുന്നേറ്റം നൽകിയത്. നഗരത്തിന്റെ കൺട്രോളറായ കെന്നത്ത് മെജിയയുടെ പിന്തുണയും നിത്യാ രാമന് വലിയ രീതിയിൽ ഗുണം ചെയ്തു. 2028-ൽ നടക്കുന്ന ലോസാഞ്ചലസ് ഒളിമ്പിക്സിന് നഗരം ആതിഥേയത്വം വഹിക്കാനിരിക്കെയാണ് നിത്യാ രാമൻ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്.
1981-ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. അമ്മ സുധ കേച്ചേരി ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്നു. തൃശ്ശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ടരവർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശ്ശൂരിലേക്ക് തിരിച്ചെത്തുന്നത്. ആറാംവയസ്സോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ എംഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം പഠിച്ചു. ഈ സമയത്ത് ചെന്നൈയിലെ ശുചിത്വ-അടിസ്ഥാനസൗകര്യ വികസനങ്ങൾ ലക്ഷ്യമിട്ട് ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന ഗവേഷണ സ്ഥാപനം സ്ഥാപിച്ചു.
തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടകുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർ ലേക്കിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.
SUMMARY: Nitya Raman becomes the first Asian-American mayor of Los Angeles
















