ബെംഗളൂരു: കലബുറഗി ചിഞ്ചോളി താലൂക്കിലുള്ള സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. ബീഹാർ സ്വദേശിയായ അജിത് കുമാർ (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഫാക്ടറിക്കുള്ളിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ സംഘത്തിന് മേൽ യന്ത്രം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ യന്ത്രത്തിനടിയിൽ പെട്ടാണ് അജിത് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന മഹിപാൽ റെഡ്ഡി (22), മനു കുമാർ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ രണ്ടുപേരും ബീഹാർ സ്വദേശികൾ തന്നെയാണ്.
അപകടം നടന്നയുടൻ ഫാക്ടറിയിലെ മറ്റ് ജീവനക്കാരും അധികൃതരും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മിരിയൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും യന്ത്രത്തകരാറിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നറിയാൻ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Worker dies after machine collapses in cement factory: Two seriously injured
















