ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സെക്കൻഡ് ഹാൻഡ് കാർ വ്യാപാരിയായ സമീർ എം.വി. (31) എന്നയാളാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ യുവതി ഒക്ടോബർ അവസാനവാരമാണ് കോറമംഗലയിലെ ഒരു ക്ലബ്ബിലെത്തിയത്. അവിടെ സിഗരറ്റ് കത്തിക്കാൻ ലൈറ്റർ ആവശ്യപ്പെട്ടപ്പോഴാണ് സമീറുമായി പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരും സംസാരിക്കുകയും മൊബൈൽ ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. പിന്നീട് സമീർ യുവതിയെ മഡിവാളയിലെ ഒരു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. അവിടെവെച്ച് ഇരുവരും മദ്യപിച്ചതായാണ് പോലീസ് നൽകുന്ന വിവരം. യുവതിയെ അമിതമായി മദ്യലഹരിയിലാക്കിയ ശേഷം അവരുടെ എതിർപ്പ് അവഗണിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
അർധരാത്രിയോടെ ബോധം വീണ്ടെടുത്തപ്പോഴാണ് തനിക്കെതിരായ അതിക്രമം തിരിച്ചറിഞ്ഞത്. തുടർന്ന് ഹോട്ടലിൽനിന്ന് പുറത്തുകടന്ന യുവതി മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സമീറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: 31-year-old arrested following complaint that he sexually assaulted a woman—whom he met at a pub in Koramangala—after getting her intoxicated.
















