പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ ബാധിത മേഖലകളിൽ സംയുക്ത കിസാൻ മോർച് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്
അട്ടപ്പാടി താലൂക്കിലെ അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, ചിറ്റൂർ താലൂക്കിലെ മുതലമട –1, നെല്ലിയാമ്പതി, മണ്ണാർക്കാട് താലൂക്കിലെ പാലക്കയം, പാലക്കാട് താലൂക്കിലെ മലമ്പുഴ –1, പുതുശേരി ഇൗസ്‌റ്റ്, പുതുപ്പരിയാരം, ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി–1 വില്ലേജുകളിലാണ് ഹർത്താൽ. ഈ മേഖലകളിലെ ഗതാഗതത്തിനും കടകമ്പോളങ്ങളുടെ പ്രവര്‍ത്തനത്തിനും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്.
ഇഎസ്എ പുതിയ വിജ്ഞാപനപ്രകാരം പാലക്കാട് ജില്ലയിലെ 13 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയും നെല്ലിയാമ്പതിയും പൂർണമായും ഉൾപ്പെട്ടിട്ടുണ്ട്. ഇഎസ്എയുടെ അന്തിമ വിജ്ഞാപനം നിലവിൽ വരുന്നതോടെ കൃഷി, ചെറുകിട സംരംഭങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്തംഭിക്കും. ഇതിനെതിരെയാണ് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്.
SUMMARY: Samyukta Kisan Morcha calls for a hartal today in 13 villages of Palakkad district.
















