കൊച്ചി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ ആറാഴ്ചയ്ക്കകം നിയമാനുസൃത തീരുമാനമെടുക്കാൻ നോർക്ക സ്പെഷ്യൽ സെക്രട്ടറിക്ക് കേരള ഹൈക്കോടതി നിർദേശം നൽകി. പ്രവാസി ലീഗൽ സെൽ (പിഎൽസി) ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് ടി.എന്‍. കൃഷ്ണകുമാര്‍, നോർക്ക കെയറിലെ നിലവിലുള്ള രണ്ട് ഗുണഭോക്താക്കളായ മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം കെകെ എന്നിവർ ചേർന്ന് സമർപ്പിച്ച ഹർജിയെ തുടർന്നാണ് നിർദ്ദേശം.
വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച നിവേദനം നോർക്ക വകുപ്പ് സെക്രട്ടറി പരിഗണിച്ച്, ഹർജിക്കാരെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും ഹീയറിങ് നടത്തിയതിനുശേഷം അനുസൃതമായി തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിക്കുന്നത്. സർട്ടിഫൈഡ് കോപ്പി ലഭിക്കുന്ന തീയതി മുതൽ എത്രയും പെട്ടെന്ന്, പരമാവധി ആറാഴ്ചയ്ക്കകം തീരുമാനം എടുക്കേണ്ടതാണ്.
നോർക്ക കെയർ 2026–27 ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ പ്രീമിയം വർധന പ്രവാസി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മുൻ വർഷങ്ങളിൽ എല്ലാവർക്കും ഏകീകൃത പ്രീമിയം നിരക്കായിരുന്നുവെങ്കിൽ, ഇത്തവണ പ്രായപരിധി അടിസ്ഥാനമാക്കി മൂന്നിരട്ടിയോളം വർധനയാണ് വരുത്തിയിരിക്കുന്നത്. അടിയന്തരമായി ഹിയറിങ് നടത്തി ന്യായമായ തീരുമാനം കൈക്കൊള്ളണമെന്നും, പ്രവാസികൾക്ക് താങ്ങാനാകുന്ന രീതിയിൽ പഴയ ഗ്രൂപ്പ് ഇൻഷുറൻസ് രീതി തന്നെ തുടരണമെന്നുമാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ നടപ്പിലാക്കിയ പ്രായാധിഷ്ഠിത പ്രീമിയം പരിഷ്കാരം ഗൾഫ് പ്രവാസി മലയാളി കുടുംബങ്ങൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഭീമമായ തുകയാണ് ഇത്തവണ ഇൻഷുറൻസ് വിഹിതമായി പ്രവാസികൾ നൽകേണ്ടി വരുന്നത്. കഴിഞ്ഞ 2025–26 വർഷത്തിൽ 5 ലക്ഷം രൂപയുടെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് 13,411 രൂപയായിരുന്ന പ്രീമിയമാണ് പുതിയ പരിഷ്കരണത്തിലൂടെ 2026–27 വർഷത്തിൽ കുത്തനെ ഉയർത്തിയത്. വയസ്സിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുതിയ നിരക്ക് പ്രകാരം 51 മുതൽ 60 വയസ്സുവരെയുള്ളവർ 35,664 രൂപയും, 61 മുതൽ 70 വയസ്സുവരെയുള്ളവർ 44,718 രൂപയും അടയ്ക്കണം. അതായത്, മുൻപ് അടച്ചിരുന്ന തുകയേക്കാൾ 166% മുതൽ 233% വരെ വലിയ വർധനവാണ് നിലവിൽ വരുത്തിയിരിക്കുന്നത്.
നിരക്കുവർധനവിന് പുറമേ, പുതിയ വിവരങ്ങൾ അറിയിച്ചതിലെ സമയക്കുറവും പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കി. ഇൻഷുറൻസ് പുതുക്കുന്നത് സംബന്ധിച്ച് കുറഞ്ഞത് 45 ദിവസം മുൻപെങ്കിലും അറിയിപ്പ് നൽകണമെന്നാണ് ചട്ടമെന്നിരിക്കെ, നിലവിലെ പോളിസിയുടെ കാലാവധി തീരുന്നതിന് വെറും നാല് ദിവസം മുൻപാണ് ഈ വിവരങ്ങൾ പ്രവാസികളിലേക്ക് എത്തുന്നത്. 2026 ഒക്ടോബർ 31-ന് പഴയ പോളിസി കാലാവധി അവസാനിക്കുകയും നവംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയും ചെയ്തതോടെ, മറ്റ് ഇൻഷുറൻസ് മാർഗങ്ങളെക്കുറിച്ച് ആലോചിക്കാനോ അനുയോജ്യമായ തീരുമാനമെടുക്കാനോ സമയം ലഭിക്കാതെ പ്രവാസി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
SUMMARY: NORKA CARE INSURANCE PREMIUM INCREASE: HC asks NORKA to take a decision within six weeks















