മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. മലപ്പുറം നിലമ്പൂരിൽ നാല് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മേഖലയിൽ 23-ഓളം പേർ വയറിളക്കം, ഛർദ്ദി, കടുത്ത വയറുവേദന എന്നീ ഷിഗെല്ല രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. രോഗബാധയ്ക്ക് കാരണമായെന്ന് കരുതുന്ന കടകൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
മലിനമായ വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. രോഗബാധയുണ്ടായി 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സംഭവത്തെ തുടർന്ന് മേഖലയിൽ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക എന്നിവ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.
കോഴിക്കോട് മേപ്പയിൽ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. സ്കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗ ബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളിന് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്.
SUMMARY: Shigella reported in Malappuram following Kozhikode; three people, including a four-year-old girl, infected.















