ബെംഗളൂരു: മലയാള ഭാഷ, കല, സാഹിത്യം, സാംസ്കാരിക പ്രവർത്തനം എന്നീ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും മലയാളി സംഘടനകൾക്കും നല്കുന്ന അക്ഷയ പുസ്തകനിധി ദേശീയ പുരസ്കാരത്തിന് ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ കേരളസമാജം ദൂരവാണിനഗറും എഴുത്തുകാരി ലെഫ്. കേണൽ ഡോ. സോണിയ ചെറിയാനും അർഹരായി. മറ്റു വിഭാഗങ്ങളിലായി അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ്, തൃശൂർ (ആയുർവ്വേദം),എ. ജെ. ഫിലിപ്പ്, ന്യൂഡൽഹി (മറുനാടൻ പത്രപ്രവർത്തനം), ഡോ. സബൈൻ ശിവദാസൻ (വന്ധ്യതാ ചികിത്സ) എന്നിവരും ആർഹരായി.
ഡോ. എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി ആദ്യ വാരം ബെംഗളൂരുവിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് നൽകുമെന്ന് അക്ഷയ പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണൻ, സെക്രട്ടറി ഡോ. ദേവപ്രകാശ് എന്നിവർ അറിയിച്ചു.
യശശ്ശരീരനായ പ്രൊഫ. എം.പി. മന്മഥന്റെ ദീർഘവീക്ഷണത്തിൽ 1992-ൽ പിറവിയെടുത്ത പ്രസ്ഥാനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അക്ഷയ പുസ്തകനിധി’. കേരളത്തിലെ കുട്ടികളുടെ അനാഥാലയങ്ങളിൽ അക്ഷരവെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെ, പുസ്തകശേഖരമടങ്ങിയ അലമാരകൾ സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് ഈ വായനാപ്രവർത്തനത്തിന് തുടക്കമിട്ടത്. മഹാകവി അക്കിത്തം, സുഗതകുമാരി, ഡോ. എം. ലീലാവതി, പായിപ്ര രാധാകൃഷ്ണൻ എന്നിവരുടെ നേതൃപാടവത്തിലൂടെ പിന്നീട് വൻ വളർച്ച കൈവരിക്കുകയും മലയാള ഭാഷയ്ക്കും സംസ്കാരത്തിനും നിസ്തുലമായ സേവനങ്ങൾ നൽകിയവർക്കായി ദേശീയ പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഫ്രണ്ട്സ് കൾച്ചറൽ സൊസൈറ്റി ഖത്തർ, അബുദാബി മലയാളി സമാജം, ഡൽഹി മലയാളി സമാജം, ബഹ്റൈൻ കേരളീയ സമാജം, മദിരാശി കേരള സമാജം, ഡൽഹി മലയാളി അസോസിയേഷൻ, കോയമ്പത്തൂർ, അഹമ്മദാബാദ്, ഡോംബിവില്ലി, ജംഷഡ്പൂർ, കൽക്കത്ത മലയാളി സമാജങ്ങൾ, ബാംഗ്ലൂർ ഗ്രീനാരാണ സമിതി, മംഗലാപുരം, ബറോഡ കേരള സമാജങ്ങൾ എന്നീ പ്രവാസി സംഘടനകളും വി.കെ. മാധവൻകുട്ടി, പി. ഭാസ്കരൻ, തൈക്കാട്ട് മൂസ്, കാണിപ്പയ്യൂർ, വിഷ്ണു നാരായണൻ നമ്പൂതിരി, കൈതപ്രം, യൂസഫലി കേച്ചേരി, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ, ഓംചേരി തുടങ്ങിയവരും മുൻ വർഷങ്ങളിലെ അക്ഷയ പുരസ്കാര ജേതാക്കളിൽപ്പെടുന്നു.
SUMMARY: ‘Akshaya Pustaknidhi’ National Awards Announced Literature- Lieut. Colonel Dr. Sonia Cherian, Best Malayali Organization – Kerala Samajam Dooravaninagar















