കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞന്മലയില് കെ.ബി. അനീഷ് (35), പേരാമ്പ്ര കല്പ്പത്തൂര് മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകന് ലിനില്‍ (44), കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ച മൂന്ന് മലയാളികളും. മൂന്ന് മലയാളികൾ അപകടത്തിൽപ്പെട്ടതായി പ്രാഥമിക വിവരങ്ങളുണ്ടെങ്കിലും രണ്ട് പേരുടെ വിവരങ്ങളാണ് ഇതുവരെ വ്യക്തമായി പുറത്തുവന്നിട്ടുള്ളത്.
ഏഴുവർഷത്തോളമായി മലേഷ്യയിൽ റവാങ്ങിൽ ജൻട്രോൾ എൻജിയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.
മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യില്‍ പ്രോഗ്രാമറായിരുന്നു ലിനില്‍. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കള്‍: വിഷ്ണുവേദ്, അരുണ്വേദ്. അമ്മ: രുക്മിണി. റവാങ്ങില് ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം.
മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും ഇതുവരെ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട് കാണാതായ 3 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ സെലങ്കൂർ, പേരാക് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി നോർക്ക അറിയിച്ചു. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നോർക്ക വ്യക്തമാക്കി.
SUMMARY: Flash floods follow landslide in Malaysia; eight people, including three Malayalis, dead
















