ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബെംഗളൂരു ആർ ടി നഗർ സ്വദേശിയായ വിജയ് നാരായണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ മീന നാരായൺ, കാമുകൻ രാകേഷ് ജമുനി, ഇയാളുടെ നാല് സുഹൃത്തുക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ വിവാഹേതര ബന്ധത്തെ വിജയ് നിരന്തരം എതിർത്തിരുന്നതായും ഇതേത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ബെളഗാവി പോലീസ് കമീഷണർ പ്രകാശ് നികം പറഞ്ഞു.
ഒരു ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി ചെയ്തിരുന്ന വിജയുടെ അമ്മ മീന നാരായൺ തൻ്റെ കാറിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശി രാകേഷ് ജാമുനിയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തെ വിജയ് ശക്തമായി എതിർത്തിരുന്നു. ഇതേത്തുടർന്ന് അമ്മയുമായി വിജയ് നിരന്തരം വഴക്കിടുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ബന്ധത്തിന് വിജയ് വിലങ്ങുതടിയെന്ന് മനസ്സിലാക്കിയ മീനയും രാകേഷും വിജയിയെ വകവരുത്താൻ പദ്ധതിയിടുകയായിരുന്നു.
കർണാടക രാജ്യോത്സവ ദിനമായ നവംബർ 1-നാണ് കൊലപാതകം നടത്തിയത് രാജ്യോത്സവ ആഘോഷങ്ങൾ കാണാമെന്ന് പറഞ്ഞ് രാകേഷും സംഘവും വിജയിയെ ബെംഗളൂരുവിൽ നിന്നും ബെലഗാവിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാകേഷും മീനയും ചേർന്ന് രാകേഷിൻ്റെ നാല് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയത്. ബെലഗാവിയിൽ എത്തിയ വിജയിന് ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി. ശേഷം അദ്ദേഹം അവശനായപ്പോൾ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഹൈവേയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് തള്ളുകയായിരുന്നു.
കൊല്ലപ്പെട്ട വിജയിന്റെ മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സ്വന്തം അമ്മയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ അമ്മ മീന, കാമുകൻ രാകേഷ്, രാകേഷിന്റെ സുഹൃത്തുക്കളായ സച്ചിൻ, മനോജ്, തമ്മാന, ഏകനാഥ് എന്നീ ആറു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ ഗഡ്ഹിംഗ്ലജ് സ്വദേശി പ്രധാന പ്രതിയായ രാകേഷ്.
SUMMARY: Opposed extramarital affair; mother and her lover strangle son to death















