ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു. വിവിധ വിഭാഗങ്ങളിലുള്ള പാലിന് ലിറ്ററിന് 2 രൂപ മുതൽ 6 രൂപ വരെയാണ് കൂട്ടിയത്. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ടോൺഡ് പാലിന്റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി ഉയരും. പാക്കറ്റിലുള്ള ടോൺഡ് പാലിന് 60 രൂപയിൽ നിന്ന് 62 രൂപയായും ഫുൾ ക്രീം പാലിന് 72 രൂപയിൽ നിന്ന് 76 രൂപയായും വില വർധിപ്പിച്ചു.
6.5 ശതമാനം കൊഴുപ്പടങ്ങിയ എരുമപ്പാലിന്റെ വില ലിറ്ററിന് 80 രൂപയിൽ നിന്ന് 86 രൂപയായി. ഡബിൾ ടോൺഡ് പാലിന് 54 രൂപയിൽ നിന്ന് 56 രൂപയായും പശുവിൻ പാലിന് 62 രൂപയിൽ നിന്ന് 65 രൂപയായും വില ഉയരും. ക്ഷീരമേഖലയിലെ ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. കന്നുകാലിത്തീറ്റയുടെ വില ഉയർന്നതോടെ ക്ഷീരകർഷകരുടെ സാമ്പത്തിക ബാധ്യതയും വർധിച്ചിട്ടുണ്ട്. പാൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സംഭരണം മെച്ചപ്പെടുത്തുന്നതിനുമായി ക്ഷീരസഹകരണ സംഘങ്ങളും കമ്പനികളും കർഷകരിൽനിന്നുള്ള പാൽ സംഭരണവില ഉയർത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്തെ മറ്റൊരു പ്രമുഖ ക്ഷീരോൽപന്ന ബ്രാൻഡായ മദർ ഡയറിയും പാലിന് ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ ഈ വിലയും പ്രാബല്യത്തിലെത്തും. പാൽ സംഭരണച്ചെലവ് വർധിച്ചതാണ് മദർ ഡയറിയും വില കൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
SUMMARY: Amul has increased milk prices; rates will go up by two to six rupees, with the new prices effective from tomorrow.















