വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈറ്റ്ഹൗസില്‍നിന്ന് ഒരു മൈല്‍ മാത്രം അകലെയുള്ള ലോഗന്‍ സര്‍ക്കിളിലാണ് സംഭവം. അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇടക്കാല മേധാവി ജെഫ്രി കാരോള്‍ വ്യക്തമാക്കി.
കെട്ടിട ഉടമകളുടെ അസോസിയേഷനുമായുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോഗന്‍ സര്‍ക്കിളിന് സമീപമുള്ള ജിമ്മിലും പരിസരങ്ങളിലുമാണ് ആക്രമണമുണ്ടായത്. ജിമ്മിലുണ്ടായിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നും ഇയാള്‍ക്ക് കഴുത്തിലാണ് വെടിയേറ്റതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവസ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്ന് പോലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ സ്‌കൂളുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ സ്‌കൂളുകള്‍ അടച്ചു.
SUMMARY: Shooting near the White House; One killed, five injured
















