ബെംഗളൂരു: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു കെംപെഗൗഡ നഗറിലെ ലക്ഷ്മിപുരയിൽ താമസിക്കുന്ന രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ മാലശ്രീയെ (35) പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഭാര്യയെ അസഭ്യം പറയുകയും കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി ദമ്പതികൾക്കിടയിൽ തർക്കം രൂക്ഷമാകുകയും മാലശ്രീ ഭർത്താവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്നു കിടന്ന രാജശേഖറിനെ അയൽക്കാരും പോലീസും ചേർന്ന് വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവിന്റെ നിരന്തരമായ പീഡനം കാരണം താൻ മുൻപ് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും, നിലവിൽ താൻ രണ്ട് മാസം ഗർഭിണിയാണെന്നും മാലശ്രീ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങൾ വൈദ്യപരിശോധനയിലൂടെ ഉറപ്പുവരുത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കെമ്പെഗൗഡ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Argument over having children: Wife stabs husband
















