തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്ണവി ജുവലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറില്‍ നിന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത്. ജ്വല്ലറി അടച്ച് തിരികെ പോകുന്നതിനിടെയാണ് സംഭവം. ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് 250 പവനോളം സ്വര്‍ണം കവർച്ച നടത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് ജ്വല്ലറിയില്‍ നിന്ന് ഉടമ വീട്ടിലേക്ക് ഇറങ്ങിയത്. ബുള്ളറ്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേര്‍ തന്റെ കൈയില്‍ നിന്ന് സ്വര്‍ണം പിടിച്ചുപറിക്കുകയായിരുന്നു എന്നാണ് ഉടമ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് മോഷണം നടന്നതെന്നാണ് വിവരം. ജ്വല്ലറിയില്‍ നിന്ന് അധികം അകലെയല്ലാത്ത ഒരു ഇടവഴിയില്‍ വച്ചാണ് മോഷണം നടന്നതെന്നാണ് പറയുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ ആള് സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര് ഈ ബൈക്കില്‍ പോകുന്നതും കാണാം. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതി ലഭിച്ച് ഉടനെ തന്നെ അന്വേഷണം ആരംഭിച്ചതായും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Robbery in Thiruvananthapuram city; 250 Pawan was seized from the gold shop owner















