ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ അച്ഛൻ സുരേഷ്, സുഹൃത്ത് മീനാക്ഷി എന്നിവരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് മീനാക്ഷി. നിഷാന്ത് മോഷണത്തിന് ശേഷം ചെന്നൈയിലേക്ക് പോയെന്നാണ് കുടുംബത്തിന്റെ മൊഴി. ഇയാൾക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
മോഷണത്തിന് മുൻപ് ഉപഭോക്താവെന്ന വ്യാജേന നിശാന്ത് മൂന്ന് തവണ ജ്വല്ലറി സന്ദർശിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകൾ ധരിച്ചിരുന്നെങ്കിലും ഒരേ തൊപ്പിയാണ് ഉപയോഗിച്ചത്. നവംബർ 5ന് പുലർച്ചെ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്നും പോലീസ് സംശയിക്കുന്നു. പ്രതിയുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനായിട്ടില്ല.
ഒക്ടോബർ 14-നാണ് മധുരയിൽ തനിഷ്ക് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് 50 കോടിയുടെ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.
വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാവ് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിയിരുന്നു.
















