കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ 16 വയസാകുമ്പോഴേക്കും കുട്ടികള്‍ക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തലെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ നിയമനിർമാണ സഭകള്‍ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രായം കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുന്ന സാഹചര്യമുണ്ടെന്നും നിരവധി കേസുകളില്‍ പ്രായപരിധി കാരണം കോടതിക്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വൈകാരികമായല്ല, നിയമപരമായ വശങ്ങള് പരിഗണിച്ചാണ് കോടതിക്ക് തീരുമാനമെടുക്കാനാകുകയെന്നും വ്യക്തമാക്കി.
23 വയസില്‍ താഴെയുള്ളവർക്ക് മദ്യം വില്‍ക്കുന്നതും വിളമ്പുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകള്‍ പ്രകാരം 23 വയസില്‍ താഴെയുള്ളവർക്ക് മദ്യം നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലടക്കം നിയമം ലംഘിക്കപ്പെടുന്നുണ്ടെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
18 വയസില്‍ താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടങ്ങളും കോടതി പരിഗണിച്ചു. നെടുമ്പാശ്ശേരിയില്‍ 19കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേർ മരിച്ച സംഭവവും ഹർജിയില്‍ പരാമർശിച്ചിരുന്നു. തിരുവനന്തപുരത്തെ പാങ്ങപ്പാറയില്‍ 17കാരൻ മറ്റൊരു 17കാരനെ കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ നേരത്തെയും ചർച്ചയായിരുന്നു.
SUMMARY: Consider lowering the age limit in juvenile cases from 18 to 16; High Court issues directive to legislative bodies















