വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില്‍ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍ ഭർത്താവ് അറസ്റ്റില്‍. ആലങ്ങാട് കരിങ്ങാംതുരുത്തില്‍ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടില്‍ സുനിലിനെയാണ് (58) വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ഷൈനി (55) നല്കിയ പരാതിയിലാണ് നടപടി. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതി.
രണ്ടുദിവസം മുമ്പ് മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെ വീട്ടില്‍ വളർത്തുന്ന പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും ഷൈനി പോലീസിന് മൊഴി നല്കി. നായയുടെ കടിയേറ്റതിനെത്തുടർന്ന് പറവൂർ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ഷൈനിക്ക് പ്രതിരോധ കുത്തിവെപ്പും എടുക്കേണ്ടിവന്നു. മുഖത്തേറ്റ അടിയില്‍ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിലുണ്ട്. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ സുനില്‍ എറിഞ്ഞുതകർത്തതായും പരാതിയില്‍ പറയുന്നു.
ഫോണ്‍ തകർത്ത വിവരം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദനത്തിന് കാരണമായതെന്നാണ് ഷൈനിയുടെ ആരോപണം. ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയില്‍ കേസെടുത്ത വരാപ്പുഴ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
SUMMARY: Husband arrested for brutally beating his wife and setting a pit bull on her















