കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് കാമ്പിലേക്കുള്ള സാഹസിക ട്രക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളില്‍ മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങല് വളപ്പിലാണ് മരിച്ചത്. നവംബര്‍ 19 വ്യാഴാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ട്രാവല്‍ വിത്ത് അഞ്ജുനാഥ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യാത്രാവിവരങ്ങള്‍ പങ്കുവെച്ചിരുന്നു.
അന്നപൂര്‍ണ ബേസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങളും മലനിരകളില്‍ നിന്നുള്ള കാഴ്ചകളുമെല്ലാം അഞ്ജുനാഥ് നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള അതീവ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,164 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, ഉയര്‍ന്ന പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും ഓക്സിജന്റെ കുറവും കാരണം സഞ്ചാരികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയാണ്. വിവരമറിഞ്ഞ നേപ്പാള്‍ പോലീസ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
വെള്ളിയാഴ്ച ഹെലികോപ്റ്ററിലാണ് മൃതദേഹം കാഠ്മണ്ഡുവിലേക്ക് മാറ്റിയത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും. കഴിഞ്ഞവർഷം അഞ്ജുനാഥ് നേപ്പാളില്‍ തന്നെയുള്ള അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തവണ എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ടെത്തിയത്.
SUMMARY: Malayali travel vlogger meets tragic end during Everest Base Camp trek















