കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീടിന്റെ പാരപ്പെറ്റ് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനീഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അതിഥി തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മോരിക്കരയിലെ നിർമാണത്തിലിരിക്കുന്ന വീടിൻറെ പാരപ്പെറ്റ് തകർന്നാണ് അപകടമുണ്ടായത്.
വീടിന്റെ ഒന്നാംനിലയിലെ സൺഷെയ്ഡിനോട് ചേർന്നുള്ള ഭാഗത്ത് പട്ടിക അടിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടയിൽ സൺഷെയ്ഡിനെ താങ്ങി നിർത്തിയിരുന്ന പലക പൊട്ടിവീഴുകയും തുടർന്ന് കോൺക്രീറ്റ് ബീമുകളും ചെങ്കല്ലുകളും തൊഴിലാളികളുടെ മേലേക്ക് പതിക്കുകയുമായിരുന്നു. മുകളിൽനിന്നുള്ള വീഴ്ചയിലും അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടുമാണ് രജനിത്ത് മരിച്ചത്.
സംഭവത്തിൽ ഏലത്തൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. രജനീഷിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
SUMMARY: Accident in Kozhikode as parapet of a house under construction collapses; young man meets a tragic end.















