കോഴിക്കോട്: വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ചതോടെ വിവാഹച്ചടങ്ങിൽ സംഘർഷം. കോഴിക്കോട് ജില്ലയിലെ നാദാപുരം വരിക്കോളിയിലാണ് വധുവിന്റെ വീട്ടിലെത്തിയ വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലുണ്ടായത്. മരണവീടുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതടക്കമുള്ള ആഘോഷങ്ങൾ വേണ്ടെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാൽ തൂണേരിയിലെത്തിയ വരന്റെ സുഹൃത്തുക്കൾ ഇത് വകവെക്കാതെ പടക്കം പൊട്ടിക്കുകയായിരുന്നു. .
ഇതോടെ ഇവരെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിലും കൂട്ടത്തല്ലിലുമായി മാറുകയായിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. പിന്നീട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുവിഭാഗവും ചർച്ച നടത്തി പ്രശ്നം ഒത്തുതീർപ്പാക്കി. പരാതികളൊന്നുമില്ലാത്തതിനാലും തർക്കം പരിഹരിച്ചതിനാലും പോലീസ് കേസെടുത്തിട്ടില്ല.
മേഖലയിലെ വിവാഹ ആഘോഷങ്ങൾക്കിടെ സംഘർഷങ്ങൾ പതിവാകുകയാണ്. കഴിഞ്ഞയാഴ്ച ആയഞ്ചേരിയിലെ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ വധുവിന്റെ അമ്മയ്ക്കടക്കം പരുക്കേറ്റിരുന്നു.
SUMMARY: Despite warnings from the bride’s family that there was a house in mourning nearby, the groom’s party burst firecrackers; a mass brawl ensued at the wedding venue.















