പാലക്കാട്: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തൃത്താല പോലീസ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച അർധരാത്രി പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിരീക്ഷണത്തില്‍ പാർപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
കുട്ടിയുടെ ശരീരത്തില്‍ തറച്ച വെടിയുണ്ട കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച തൃത്താല പോലീസ് ശേഖരിക്കും. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഫോറൻസിക് വിദഗ്ധ പരിശോധനക്കായി അയയ്ക്കും. പരുക്കേറ്റ കുട്ടി ഒരു ദിവസം കൂടെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ബുധനാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.
അതേസമയം, വിദ്യാര്‍ഥിക്ക് വെടിയേറ്റസംഭവത്തില് ഒമ്പതാം ക്ലാസുകാരന്റെ മാതാവിന്റെ പേരില്‍ കേസെടുത്തു. കൊടുമുണ്ട കോടാലിയില്‍ ഹഫ്സത്തി (50) നെതിരെയാണ് തൃത്താല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥിക്ക് ഇതെങ്ങിനെ കൊണ്ടുപോകാന്‍ സൗകര്യമായതടക്കമുള്ള കാര്യങ്ങളില്‍ മാതാവിനെ ചോദ്യം ചെയ്ത് വ്യക്തതവരുത്തുമെന്ന് തൃത്താല എസ്.എച്ച്.ഒ കാളി കെ കൃഷ്ണന് അറിയിച്ചു.
SUMMARY: Palakkad school shooting: Ninth-grade student moved to juvenile home















