ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഒഡീഷ സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കയ്ക്ക് സമീപം എം.എസ് നഗറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് ഒഡീഷ സ്വദേശി സാഗർ ചന്ദ്ര റാവത്ത് (32) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ അനുസൂയയാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 11-നാണ് സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ ഒട്ടേറെ നാളായി സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച പ്രതി പിന്നീട് ഇത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാൾ താമസസ്ഥലം മാറി ഹോട്ടലിൽ കഴിയാൻ തുടങ്ങി.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) നിർദ്ദേശപ്രകാരം ആളൊഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കുന്നതിനായി എത്തിയ ശുചീകരണ തൊഴിലാളികളാണ് സെപ്റ്റംബർ 2-ന് മൃതദേഹം കണ്ടെത്തിയത് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലായിരുന്നു. എന്നാൽ വസ്ത്രത്തിലുണ്ടായിരുന്ന ഒരു മാൾ ടാഗും ലോക്കറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇത് വഴി യുവതിയുടെ മേൽവിലാസം കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സാഗർ കുറ്റം സമ്മതിക്കുകയുമായിരുന്നു.
അഞ്ച് വർഷം മുമ്പ് ബെംഗളൂരുവിൽ എത്തിയ ഇവർ രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. സാഗർ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: A dead body was found in an empty field during the cleaning drive; Husband arrested for killing and pushing woman in Bengaluru















