കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 469 മൃതദേഹങ്ങൾ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം. 1,468 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്കാരടക്കം 30 രാജ്യങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം.
ഹിമാലയത്തിലെ കൂറ്റൻ ഹിമാനിയുടെ ഒരു ഭാഗം തകർന്ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുള്ള ലാങ്ടാങ് ദേശീയോദ്യാനത്തിൽ പതിച്ചതാണ് ദുരന്തകാരണം. ഇത് ലാൻഡെ ഖോല, ഭോട്ടേ കോശി, ത്രിശൂലി നദികളിലേക്ക് വലിയതോതിൽ വെള്ളവും ചെളിയും പാറകളും മഞ്ഞുകട്ടകളും തള്ളിവിട്ടു. നിമിഷങ്ങൾക്കകം നദിക്കരയിലുള്ള ഗ്രാമങ്ങളെയും പട്ടണങ്ങളെയും തകർത്തെറിഞ്ഞ് പ്രളയം നേപ്പാളിലെത്തി. സെക്കൻഡിൽ 50 മീറ്റർ വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. നേപ്പാളിന്റെ തെക്കുഭാഗത്തേക്ക് 170 കിലോമീറ്റർവരെ വെള്ളം എത്തിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഭോടെ കോസി നദിയിൽ പ്രളയത്തെത്തുടർന്ന് പുതുതായി ഒരു മൺതിട്ട രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് ഉടൻ തന്നെ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഈ മൺതിട്ട ഒലിച്ചുപോകുന്നതോടെ നദിയിലെ ജലനിരപ്പ് ഉയരാനും വീണ്ടും ഒരു പ്രളയം ഉണ്ടാകാനും സാധ്യതയുണ്ട്. മേഖലയിൽ അതീവജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ മരണനിരക്ക് തന്നെ സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന ആശങ്കയിലാണ് സർക്കാർ.
ടിബറ്റിലും സമാനമായ രീതിയിൽ തന്നെ പ്രളയം ബാധിച്ചിട്ടുണ്ട്. 500 ലധികം പേരെയാണ് കാണാനില്ലാത്തത്. റോഡുകളും പാലങ്ങളും പൂർണമായും തകരുകയും ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
SUMMARY: Death toll in Nepal crosses 469; 1,468 people are missing
















