കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള 121 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. നേപ്പാൾ ടൂറിസം ബോർഡിന്റേതാണ് കണക്കുകൾ. 82 മലയാളികളിൽ 60 പേരെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു. വിവരം ലഭിച്ച 60 പേരിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണ്. ഇനി എട്ട് മലയാളികളെക്കുറിച്ച് വിവരം ലഭിക്കാനുണ്ട്. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരുടെ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കുകൾ വഴി നേരത്തെ ലഭിച്ചത്. ഇതിൽ എട്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതായും നോർക്ക വ്യക്തമാക്കി.
അതേസമയം ടിബറ്റ് അതിർത്തിയിൽ രൂപപ്പെട്ട തടാകത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 1,500-ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാൾ പോലീസ് നൽകുന്ന വിവരം. ചൈന-നേപാൾ അതിർത്തിയിലെ ഗ്യോറോങ് അതിർത്തി പ്രദേശത്ത് രൂപംകൊണ്ട തടയണ തടാകം കവിഞ്ഞൊഴുകിത്തുടങ്ങിയതായാണ് റിപ്പോർട്ട്. മിന്നൽപ്രളയ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം ചൈനയിൽ അഞ്ചുപേർ മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തുടർച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തിൽ നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ സഹായവുമായി വീണ്ടും വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലെത്തും. ഇന്ന് ഒരു വ്യോമസേന വിമാനം കുടി നേപ്പാളിലേക്ക് പോകും. 320 ഇന്ത്യക്കാരെയാണ് ദുരന്തത്തിൽ കാണാതായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
SUMMARY:Nepal Flood; The death toll stands at 538, with 85 Indian tourists rescued
















