ബെംഗളൂരു: കലബുറഗിയിൽ നടുറോഡിൽ നാടിനെ ഞെട്ടിച്ച് അരുംകൊല. യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ കാർ കയറ്റി കൊലപ്പെടുത്തി. വ്യാഴാഴ്ച പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഷൈല (28) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അക്ഷയ്യെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
പോലീസ് റിപ്പോർട്ട് അനുസരിച്ച് ഭർത്താവായ അക്ഷയ് ഷൈലയെ കാറിൽ കയറ്റി കൊണ്ടുപോകുകയും നടുറോഡിൽ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാൾ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി. വീഡിയോ ദൃശ്യങ്ങളിൽ അക്ഷയ് ഭാര്യയെ ക്രൂരമായി മർദിക്കുന്നത് കാണാം. ഷൈല സഹായത്തിനായി ഉച്ചത്തിൽ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ കാറുമായി ഇയാൾ രക്ഷപ്പെട്ടു. പിന്നീട് ഇയാൾ പോലീസിന്റെ പിടിയിലായി. മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.
മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണ് ഷൈലയും അക്ഷയ്യും. ഇരുവരും നാലുവർഷം മുമ്പാണ് വിവാഹിതരായത്. ഷൈലയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട് എന്ന അക്ഷയ്യുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് കേസെടുത്ത പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: After slitting wife’s throat, the husband drove a car over her body and killed her
















