നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ ഇഷാ സിങ്ങിന് വെള്ളി മെഡല്‍. കടുത്ത പോരാട്ടവും തുടർച്ചയായ ഷൂട്ടോഫുകളും നിറഞ്ഞ ഫൈനലില്‍ ചൈനയുടെ ഷിയാവോ ജിയാറൂയിഷുവാനോടാണ് ഇഷ പരാജയപ്പെട്ടത്. ഫൈനലില്‍ ഇരു താരങ്ങളും 38 ഹിറ്റുകള്‍ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് വിജയിയെ നിശ്ചയിക്കാൻ ഷൂട്ടോഫ് നടത്തുകയായിരുന്നു.
ആദ്യ ഷൂട്ടോഫില്‍ ഇരു താരങ്ങളും 4 വിറ്റുകള്‍ വീതം നേടി സമനിലയിലായെങ്കിലും, രണ്ടാം ഷൂട്ടോഫില്‍ ചൈനീസ് താരം (3) ഇഷയെക്കാള്‍ (2) ഒരു പോയിന്റ് മുന്നിലെത്തി സ്വർണ്ണം സ്വന്തമാക്കി. വെങ്കല മെഡല്‍ നിർണ്ണയത്തിലും ചൈനീസ് താരവുമായുള്ള സ്വർണ്ണപ്പോരാട്ടത്തിലും ഉള്‍പ്പെടെ നിരവധി ഷൂട്ടോഫുകളെ അതിജീവിച്ചാണ് ഇഷാ സിങ് മെഡല്‍ നേട്ടം സ്വന്തമാക്കിയത്.
ദക്ഷിണ കൊറിയയുടെ കിം ഹ്യോണ്‍ സുക് ഈ ഇനത്തില്‍ വെങ്കലം നേടി. 2023 ഹാംഗ്ഷൂ ഏഷ്യൻ ഗെയിംസിലും ഈ ഇനത്തില്‍ ഇഷ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 38 ആയി ഉയർന്നു.
SUMMARY: Another medal for India at the Asian Games: Esha Singh wins silver in shooting
















